( കഥ അറിയാതെ ആട്ടം കാണരുതല്ലോ .. )
കുരുക്ഷേത്രയുദ്ധത്തിനു ശേഷം ഒരു നാള് അര്ജ്ജുനന് ശ്രീക്രുഷ്ണനെ കാണാന്‍ ആയി ദ്വാരകയില്‍ എത്തുന്നു. സന്തോഷവാനായ ക്രിഷ്ണന് അര്‍ജ്ജുനനെ കുറച്ച് നാള് തന്റെ കൂടെ താമസിക്കാനായി ക്ഷണിക്കുന്നു.
അങ്ങിനെയിരിക്കുന്ന സമയത്ത് ഒരു ബ്രാഹ്മണന് അദ്ധേഹത്തിന്റെ 9ആം ശിശുവിന്റെ ജഡം കൊണ്ട് ദ്വാരകയില്‍ വന്ന് താന്റെ വിധിയെക്കുറിച്ചോര്‍ത്ത് കരഞ്ഞു കൊണ്ട്, തന്റെ കുഞ്ഞുങ്ങളെ രക്ഷിക്കണമെന്ന് ക്യഷ്ണനോട് ആവശ്യപ്പെടുന്നു. ഈ ബ്രാഹ്മണന് ഇതിനുമുന്‍പ് ഉണ്ടായ 8പുത്രരും എതുപോലെതന്നെ ജനിച്ചഉടന് മരിച്ചുപോവുകയും ഓരോപ്രാവിശ്യവും ഇതുപോലെ ദ്വാരകാരാജധാനിയിലെത്തി പരാതിപറയുകയും ചെയ്തിരുന്നു.പതിവുപോലെ ക്യഷ്ണന് ബ്രാഹ്മണനെ ശ്രദ്ധിക്കുന്നില്ല. ഇത് കണ്ട് അര്ജ്ജുനന് ബ്രാഹ്മണനോട് താന്‍ പുത്രനെ രക്ഷിക്കാം എന്ന് പറയുന്നു. ബ്രാഹ്മണന് അര്‍ജ്ജുനനെ വിശ്വസിക്കുന്നില്ല. ഇത് അര്‍ജ്ജുനനെ കൂടുതല്‍ അഹങ്കാരി ആക്കുന്നു. പുത്രനെ രക്ഷിച്ച് തന്നില്ലെങ്കില്‍ താന്‍ തീയില്‍ ചാടി മരിക്കും എന്ന് അര്ജ്ജുനന് ബ്രാഹ്മണന് വാക്കു കൊടുക്കുന്നു.
ബ്രാഹ്മണന് സന്തോഷവാനാകുന്നു. തന്റെ ഭാര്യ അടുത്ത തവണ ഗര്‍ഭിണിയായപ്പോള്‍ ബ്രാഹ്മണന് അര്‍ജ്ജുനനെ ചെന്ന് വിളിക്കുന്നു. അര്ജ്ജുനന് ബ്രാഹ്മണനോടൊപ്പം ബ്രാഹ്മണന്റെ വീട്ടില്‍ വന്ന് പ്രസവത്തിനായി ഒരു ശരകൂടം നിര്‍മ്മിച്ച് കാലനെ കാത്ത് ഇരിക്കുന്നു.
എന്നാല്‍ പിറന്ന കുട്ടി അപ്പോള്‍ തന്നെ അപ്രത്യക്ഷമാകുന്നു. ബ്രാഹ്മണന് അര്‍ജ്ജുനനെ കണക്കിന് ശാസിക്കുന്നു.അര്ജ്ജുനന് അവിടേനിന്നും കാലപുരിയില്‍ ചെന്ന് കാലനോട് ബ്രാഹ്മണബാലനേക്കുറിച്ച് ചോദിക്കുന്നു.അദ്ദേഹം അറിയാതെയാണ് ഈ ബ്രാഹ്മണബാലരുടെയെല്ലാം മ്യതി നടന്നിരിക്കുന്നത് എന്ന് യമധര്മ്മന് പറയുന്നു. തുടര്‍ന്ന് അര്ജ്ജുനന് മൂന്നുലോകങ്ങളിലും ബാലരെ തിരയുന്നു.എവിടേയും അവരേക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കാഞ്ഞ് അര്ജ്ജുനന് വാക്കുപാലിക്കാനായി അഗ്നിയില്‍ ചാടി മരിക്കാനൊരുങ്ങുന്ന സമയം ക്യഷ്ണന് വന്ന് തടയുന്നു. കുട്ടികള്‍ കുണ്ഡിതങ്ങളില്ലാത്ത ദിക്കില്‍ സുരക്ഷിതരായി ഇരിക്കുന്നുണ്ടെന്നും അവിടേക്ക് നമുക്ക് പോയി അവരെ വീണ്ടെടുത്തു വരാമെന്നും പറഞ്ഞ് അര്ജ്ജുണനേ കൂട്ടി ക്യഷ്ണന് വൈകുണ്ഠത്തിലേക്കു പോകുന്നു.
ഭഗവാനും അര്‍ജ്ജുനനും കൂടെ വൈകുണ്ടത്തില്‍ പോയി കുട്ടികളെ മഹാവിഷ്ണുവിന്റെ ത്രിക്കൈയില്‍ നിന്നും ബ്രാഹ്മണപുത്രന്മാരെ വാങ്ങി ബ്രാഹ്മണന് നല്ക്കുന്നു. ബ്രാഹ്മണനും ബ്രാഹ്മണപത്നിയും ക്യഷ്ണനേയും അര്‍ജ്ജുനനേയും അനുഗ്രഹിച്ച് യാത്രയാക്കുന്നു
ഇനി ആട്ടം കാണൂ.......................
വന്ദനശ്ലൊകം
മാതംഗാനനം അബ്ജവാസരമണി ഗോവിന്ദമാദ്യം ഗുരു
വ്യാസം പാണിനി ഗര്‍ഗ്ഗ നാരദ കണാദാദ്യാം മുനീന്ദ്രാം മുദാന്
ദുര്ഗ്ഗാംചാപി മൃദംഗശെയിലനിലയാം ശ്രീ പോര്ക്കിലീം
ഇഷ്ടതാ ഭക്ത്യാ നിത്യമുപാസ്മകേ സപദിന കുര്വന്ദ്വമീ മംഗളം
ഗണപതി,സരസ്വതി,ഗോവിന്ദ ഗുരു , വ്യാസന്,ഗര്ഗ്ഗന്,നാരദന്,ദുര്‍ഗ്ഗ,ശ്രീ പോര്‍ക്കിലി ഭഗവതി എന്നിവരെ വന്ദിക്കുന്നു
കഥകളിയുടെ ശില്പിയായ ശ്രീ കോട്ടയം തമ്പുരാന് ആണ് ഈ പ്രസിദ്ധമായ വന്ദന ശ്ലൊകം എഴുതിയത്. പൊതുവേ എല്ലാ കഥകളിയും ഈ വന്ദന ശ്ലൊകം പാടിയാണ് തുടങ്ങാറുള്ളത്
ഈ കളി ഗുരുവായൂരപ്പന്റെ തിരു സന്നിധിയില്‍ വച്ച് നടക്കുന്നത് കൊണ്ട് " ആനന്ദാസ്പദം " എന്ന് തുടങ്ങുന്ന ഗുരുവായൂരപ്പനെ വന്ദിക്കുന്ന ശ്ലോകവും ഇതില്‍ പാടുന്നുണ്ട്
പദം ഒന്ന്
രാഗം : സാവേരി
താളം :ചെമ്പട
കൃഷ്ണന് : സഖേ ശ്രീമാന്‍ അര്‍ജ്ജുനാ ( വിജയന് ) സകല ഗുണവും തികഞ്ഞവനെ നിനക്ക് സ്വാഗതം.. സ്വാഗതം..
മൂന്ന് ലോകവും വണങ്ങുന്ന ചന്ദ്രനെ പോലെയുള്ള നിന്റെ മുഖ പങ്കജം ഇന്ന് ഞാന്‍ കണ്ടല്ലോ..എനിക്ക് ഇന്ന് തികച്ചും സുദിനം തന്നെ
ഭഗവാന് പാണ്ഡവരെ കുറിച്ച് അന്വേഷിക്കുന്നു, ധീരനും , നയവിനയനുമായ ധര്മ്മപുത്രന്, ഭീമന് ( വൃകോദരന് ), നകുല സഹദേവന്മാര് ,പാഞ്ചാലി, മറ്റ് കുരുവീരന്മാര്‍ എന്നിവര്‍ക്ക് സുഖം തന്നെ അല്ലെ ?
പദം രണ്ട്
രാഗം : ദേവഗാന്ധാരി
താളം :ചെമ്പട
അര്ജ്ജുനന്: നാഥാ.. അങ്ങെയുടെ കാലടികളുടെ ദാസരായ ഞാന്‍ ഉള്‍പ്പടെയുള്ള ജനങ്ങള്‍ക്ക് ഏതെങ്കിലും ബാധ വരുമൊ? എന്റെ സഹോദരങ്ങള്‍ എല്ലാവരും സുഖമായി മാതാവിനോടൊപ്പം വാഴുന്നു. ശരണാഗതര്‍ക്ക് എന്നും കരുണയേകുന്ന പങ്കജലോചനാ എന്റെ മനസില്‍ എന്നും അങ്ങയുടെ പാദാരവിന്ദങ്ങള്‍ ഉണ്ടാവണേ. ദേവേന്ദ്രനാലും പരമേശ്വരനാലും വന്ദിക്കപ്പെടുന്നവനേ കൃഷാ എന്നെ അനുഗ്രഹിക്കണേ..
( സന്താനഗോപാലം ആട്ടക്കഥയിലെ ഏറ്റവും പ്രശസ്തമായ പദം ആണ് "നാഥാ ഭവല്‍ ചരണാ എന്ന ഈ പദം . കഥകളിപദക്കച്ചേരികളില് ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നായ ഈ പദത്തില്‍ അര്ജ്ജുനന് കൃഷ്ണനോടുള്ള ഭക്തിയുടെ ആഴത്തെ പ്രകടമാക്കുന്നു. )
പദം മൂന്ന്
രാഗം : സാവേരി
താളം :ചെമ്പട
കൃഷ്ണന്: കുരുവംശത്തിനെ മകുടത്തില്‍ ജ്വലിക്കുന്ന രത്നമേ അര്‍ജ്ജുനാ.. നിനക്കു എന്നോടൊത്ത് കുറച്ചുകാലം വസിച്ഛ് കൂടേ ? ചലിക്കുന്ന താമരയിലയുടെ മധ്യത്തില്‍ വിലസുന്ന ജലകണിക പോലെ ആയാലാണ് ജീവിതം സുക്രുതപൂര്ണ്ണമാകുന്നത് (ഭഗവാന് ഗീതയില്‍ പറഞ്ഞത് ഇവിടെ ആവര്‍ത്തിക്കുന്നു)
അതിനു ശേഷം ഗോപിയാശാനും(ക്യഷ്ണന്) രാമന് കുട്ടിയാശാനും(അര്ജ്ജുനന്) ചേര്‍ന്ന് മനോധര്‍മ്മം ആടുന്നു
പദം നാല്
രാഗം : ഘണ്ടാരം
താളം :ചെമ്പ
അര്ജ്ജുനന് അങ്ങനെ കൃഷ്ണനോടൊത്ത് വസിക്കുന്ന കാലം ആ പ്രദേശത്ത് ഒരു ബ്രാഹ്മണന് 8 വര്ക്ഷത്തിനിടയ്ക്കു 8 ബാലന്മാര് മരിച്ചു കഷ്ടം ആ ബ്രാഹ്മണന് തന്റെ ഒന്‍പതാമത്തെ കുട്ടിയും മരിച്ചപ്പോള്‍ ആ കുട്ടിയുടെ ജഡം കയ്യിലെടുത്ത് കൃഷ്ണന്റെ അടുത്ത് വന്നു വാവിട്ട് കരഞ്ഞു
ബ്രാഹ്മണന്: ആഹാ ദൈവമേ .. വിധിയുടെ അഹന്ത അപാരം തന്നെ. ദൈവമേ നീ തന്നെ എനിക്കു ശരണം ശിവ ശിവ
യാദവ വീരന്മാരേ.. സാദരം എന്റെ ദുസ്സഹമായ വിഷമത്തെ കേള്‍പ്പിന്‍ .. ഞാനീ ഭൂമിയില്‍ ഒരു ദുഷ്കര്‍മ്മവും ചെയ്തവനല്ല.. എന്റെ മകനേ .. ഇതാണോ ഞാന്‍ ചെയ്ത പാതകം?
ബ്രാഹ്മണന് കൃഷ്ണനോട് : എന്റെ കഷ്ടം അങ്ങ് കാണുക .. എന്റെ കഷ്ടം അങ്ങ് കാണുക ( കൃഷ്ണന് അത് ശ്രദ്ധിക്കുക്കാത്തത് പോലെ നടിക്കുന്നു എത്ര അപേക്ഷിച്ചിട്ടും തിരിഞ്ഞ് ശ്രദ്ധിക്കാതെ ഇരിക്കുന്ന കൃഷ്ണനോട് ബ്രാഹ്മണന് കോപം വരുന്നു ) എന്റെ പുത്രന്
പദം: അഞ്ച്
രാഗം: ശങ്കരാഭരണം
താളം :ചെമ്പട
ഇതെല്ലാം കണ്ട് കൃഷ്ണന് മിണ്ടാതിരിക്കുന്നതെന്തേ എന്ന് സംശയിച്ച് അര്ജ്ജുനന് കരഞ്ഞുകൊണ്ടിരിക്കുന്ന ബ്രാഹ്മണന്റെ അടുത്ത് വന്നു ഇങ്ങനെ പരഞ്ഞു
അര്ജ്ജുനന് : ബ്രാഹ്മണ ശ്രേഷ്ടാ സാധുമതേ.. മതി മതി കരഞ്ഞത് .. ( ഇത് കണ്ട് കൃഷ്ണന് തന്റെ സ്വതസിദ്ധമായ കള്ളച്ചിരി ചിരിച്ച് വേദിയില്‍ നിന്ന് മറയുന്നു )
അങ്ങേയ്ക്ക് അങ്ങയുടെ ബാലനേ ലഭിക്കും .. ഞാന്‍ പരിപാലിച്ച് തരും ( ബ്രാഹ്മണന് എങ്ങനെ എന്ന് സംശയിക്കുന്നു )
ബ്രാഹ്മണ ശ്രേഷ്ടാ സാധുമതേ.. മതി മതി കരഞ്ഞത് ..
ആര്‍ത്തി തീര്‍ത്ത് ഈ ബ്രാഹ്മണ കുലം കാക്കുന്നതാണ് ക്ഷത്രിയ ധര്‍മ്മം
ഇതുവരെ ഉണ്ടായതെല്ലാം അങ്ങ് ക്ഷമിക്കണം. ഇനി അങ്ങേയ്ക്കു ഒരു പുത്രന് ജനിക്കുന്നെങ്കില്‍ അതിനെ ഈ പാര്ഥന് കാത്തുകൊള്ളാം
പദം: ആറ്
രാഗം: ശങ്കരാഭരണം
താളം :ചെമ്പട
ബ്രാഹ്മണന് : അവിടെ നില്ക്കൂ .. എന്ന് ആഗ്യം കാണിച്ചിട്ട്.. : ദുഷ്ടനിഗ്രഹ തല്പ്പരനും .. ഇഷ്ടപാലകനും ആയ ഭഗവാന് ശ്രീകൃഷ്ണന് എന്റെ ദുഖം കേട്ട് ഇളകാഞ്ഞതെന്തേ..? ( അപ്പോള്‍ അര്ജ്ജുനന് ഞാന്‍ ഇളകിയല്ലോ അത് പോരെ എന്ന് കാണിക്കുന്നു ) പൊട്ടാ... നീ പിന്നെ എന്ത് കണ്ടിട്ടാ ചാടിപ്പുറപ്പെട്ടത്? ( കൃഷ്ണന് സാധിക്കാത്തത് നിനക്കു സാധിക്കുമോ എന്ന് സാരം , ഇത്തരത്തിലുള്ള പ്രകോപനങ്ങള്‍ അര്‍ജ്ജുനനേ മെല്ലെ മെല്ലെ അഹങ്കാരി ആക്കുന്നു .. ) അര്‍ജ്ജുനാ വീരനിധേ നീ ഒരു അവിവേകി തന്നെ ഉറപ്പ് ( അവിവേകി നീ ബത നിര്‍ണയം )
ബ്രാഹ്മണന് പിന്നേയും കരയുന്നു..അര്ജ്ജുനന് ഞാന്‍ ഒന്നും മിണ്ടുന്നില്ല കരഞ്ഞൊളൂ എന്ന് പറയുന്നു
അര്ജ്ജുനന് : ദുഖഭാരത്താല്‍ അന്ധനായ അങ്ങ് എന്നെ ചീത്തപറഞ്ഞു അതിന് എനിക്ക് ഒരു അപ്രിയവും ഇല്ല. ഒരു സംശയവും വേണ്ട അങ്ങേയ്ക്കു അങ്ങയുടെ മകനെ രക്ഷിച്ച് തന്നില്ലെങ്കില്‍ ഞാന്‍ ഇന്ദ്രപുത്രനല്ല ..
ബ്രാഹ്മണന്:( വീണ്ടും വിശ്വാസം വരാതെ ) ഭക്തവത്സലനും ദൈത്യവൈരിയും .. ആയ ഭഗവാനും .. ശക്തരായ ബലഭദ്രാദികള്ക്കും എന്റെ മകനെ തരാന്‍ സാധിക്കില്ല എന്ന് വച്ച് ഒരു യാദവന് പോലും ഇളകിയില്ല ( അപ്പോള്‍ അര്ജ്ജുനന് ഞാന്‍ ഇല്ല്ലേ എന്ന് കാണിക്കുന്നു ...)
കുറിപ്പ്: ഇടത്ത് കൈ തള്ള വിരലും ചൂണ്ട് വിരലും ചേര്‍ത്ത് മുകളിലേയ്ക്ക് പിടിച്ച് അതിന്റെ ബിന്ദുവില്‍ വലത് കൈ ചൂണ്ട് വിരല്‍ കൊണ്ട് തൊട്ടാല്‍ അത് അര്‍ജ്ജുനന്റെ മുദ്ര ആണ്
ഇനി എനിക്ക് എന്റെ പുത്രന്റെ മുഖം കാണാന്‍ ഒരു മോഹവും ഇല്ല അര്‍ജ്ജുനാ വീരനിധേ നീ ഒരു അവിവേകി തന്നെ ഉറപ്പ്... ( അവിവേകി നീ ബത നിര്‍ണയം )
അര്ജ്ജുനന്: സത്ഗുണശീലാ .. ബ്രാഹ്മണേന്ദ്രാ ( ഞാന്‍ ഇത്ര പറഞ്ഞിട്ടും വിശ്വാസമില്ലേ എന്ന് കാണിക്കുന്നു )
സ്വര്‍ഗ്ഗവാസികള്‍ക്കു പോലും സുഖവിതരണം ചെയ്യുന്ന അര്‍ജ്ജുനനെ താങ്കള്‍ക്ക് അറിയില്ലേ ? ( അര്ജ്ജുനന് അഹങ്കാരം വര്‍ദ്ധിച്ച് വരുന്നു )
ഞാന്‍ കൃഷ്ണന് അല്ല .. ഭലഭദ്രനും അല്ല... ഈ കണ്ട യാദവന്മാരില്‍ ഒരാളും അല്ല ..
ജിഷ്ണുവായ ഞാന്‍ ദിവ്യാസ്ത്ര ധാരിയായ അര്‍ജ്ജുന വീരന് ആണ് (ഞാന്‍ അല്ലെ പറയുന്നത് എന്ന് സാരം)
അന്തകന്റെ അന്തകനെ ( ശ്രീ പരമേശ്വരന് ) വരെ എനിക്ക് ജയിക്കാന്‍ സാധിക്കും .. ഇന്ദ്രപുത്രനായ എന്റെ ശരകൂടത്തില്‍ കഴിഞ്ഞാല്‍ അങ്ങയുടെ ബാലനെ വെറും അന്തകന്‍ കോണ്ടുപോകുമൊ? അല്ലെങ്കില്‍ സ്വര്‍ഗ്ഗം ഭരിക്കുന്ന ദേവേന്ദ്രന് കൊണ്ട് പോകാന്‍ പറ്റുമോ ?
ഇത് പറഞ്ഞ് അര്ജ്ജുനന് ഈ കഥയിലേ ഏറ്റവും വിശേഷാല്‍ വാക്യം പറയുന്നു
ഇനി മേലില്‍ ജനിക്കുന്ന അങ്ങയുടെ പുത്രനെ പരിപാലിച്ച് ആപത്തില്ലാതെ തന്നില്ലെങ്കില്‍ ഞാന്‍ തീക്കുണ്ഠത്തില്‍ ചാടി ആത്മഹത്യ ചെയ്യും( ഇപ്പൊ വിശ്വാസമായോ?)
പദം ഏഴ്
രാഗം: കാംബോജി
താളം:ചെമ്പ
പാര്‍ഥന്റെ പ്രതിജ്ഞ കേട്ട് സന്തോക്ഷിച്ച് ബ്രാഹ്മണന് സ്വന്തം വീട്ടില്‍ വന്ന ശേഷം ഭാര്യയോട് ദ്വാരകയില്‍ നടന്ന ആ നല്ല വാര്‍ത്ത പറയുന്നു
ബ്രാഹ്മണന്: കോമള സരോജ മുഖി.. എന്റെ വാക്കുകള്‍ കേല്‍ക്കൂ .. എന്റെ ഓമല് ഇനി കരയരുത്..ഇനി നമുക്ക് ദുഖം ഉണ്ടാവില്ല..ആമോദകാരണമായ പല സംഗതികളും വന്ന് ചേരും ..
പുത്ര ശവവും കൊണ്ട് ഞാന്‍ യാദവ സഭയില്‍ പോയി കരഞ്ഞു കൊണ്ടിരുന്നപ്പോള്‍ നമ്മുടെ എല്ലാ സങ്കടങ്ങള്‍ എല്ലാം തീര്‍ക്കുന്ന ഒരു സംഭവം നടന്നു അത് കേള്‍ക്കുക
ഭുവനപതിയായ കൃഷ്ണന്റെ സഹോദരിയുടെ ഭര്‍ത്താവായ അര്ജ്ജുനന് , ഭവതി ഇനി പ്രസവിക്കുന്ന കുട്ടികളേ .. പരിപാലിച്ച് തരാമെന്ന് എന്നോട് ശപഥം ചെയ്തു
ബ്രാഹ്മണ പത്നി:
രാഗം: ആനന്ദഭൈരവി
താളം:ത്രിപുട
ഇതെല്ലാം വിധിയാണ്.. അതിന്റെ നിയമം തെറ്റിക്കാന്‍ വിദഗ്ദന് മാര്‍ക്കുപോലും കഴിയില്ല. വിധിയുടെ വിളയാട്ടം കണ്ട് അനുഭവിക്കുക അല്ലാതെ വിധിയുടെ നിയമം തെറ്റിക്കാന്‍ കഴിയുമോ?
ബ്രാഹ്മണ പത്നി:
അഞ്ചാറു ബാലന്മാരല്ലല്ലോ? അതില്‍ അധികം പുത്രന്മാര് ഒരു ചാഞ്ചല്യവും ഇല്ലാതെ അഗ്നിയില്‍ ചാരമായി പോയില്ലേ. ഇനി വിധിയുടെ വിളയാട്ടത്തിന് എന്തെങ്കിലും അന്തരം വരുമോ? ( കഥകളിയില്‍ സ്ത്രീ വേഷം ആടുമ്പോള് ചെണ്ട ഉപയോഗിക്കാത്തത് ശ്രദ്ധിക്കുക )
ബ്രാഹ്മണന് : നമ്മുടെ ദുഖം മാറ്റിയില്ലെങ്കില്‍ അപ്പോള്‍ തെന്നെ.. അര്ജ്ജുനന് തീയില്‍ ചാടി ആത്മഹുതി ചെയ്യും എന്ന് പറഞ്ഞു.അങ്ങനെ സത്യം ചെയ്ത പാര്ഥനെ കൃഷ്ണന് ഉപേക്ഷിക്കുമോ ? കൃഷ്ണന് വേണ്ടത് ചെയ്യും വല്ലഭേ( ഇതില്‍ നിന്ന് അര്ജ്ജുനന് എന്തൊക്കെ അഹങ്കാരം പറഞ്ഞാലും ബ്രാഹ്മണന് സര്‍വശക്തനായ കൃഷ്ണനില്‍ ആണ് വിശ്വാസം എന്ന് ധ്വനി വരുന്നു )
പദം ഒന്‍പത്
രാഗം: കാനക്കുറിഞ്ഞി
താളം:അടന്ത
ഭാവിയില്‍ പിറക്കാന്‍ പോകുന്ന പുത്രനെക്കുറിച്ചോര്ത്ത് ആശ്വാസമായി .. ദൈവപ്രാര്ഥനയോടെ ആ ബ്രാഹ്മണന് ജീവിച്ചു.. അങ്ങനെ ആ ബ്രാഹ്മണപത്നി ഗര്‍ഭവതിയായി
ബ്രാഹ്മണ പത്നി: ജീവിത നായകാ.. സാവധാനം എന്റെ വാക്കുകള്‍ സാദരം കേള്‍ക്കൂ..എന്റെ ഗര്‍ഭം പൂര്‍ണമായിരിക്കുന്നു..പ്രസവം ആസന്നകാലം ആയി .. മൂന്ന് നാളില്‍ ഞാന്‍ പ്രസവിക്കും .. താങ്കള്‍ വേഗം പോയി അര്‍ജ്ജുനനെ ( കര്‍ണ്ണ വൈരി ) വരുത്തൂ..
രാഗം:
താളം:ത്രിപുട
കല്യാണാലയേ.. ( എല്ലാ ഐശ്വര്യങ്ങളും തികഞ്ഞവളേ.. ) ഒട്ടും വിഷമിക്കേണ്ട .. നീ ഇനിയും എന്നെ വിഷമിപ്പിക്കരുത്. വില്ലാളിയായ അര്‍ജ്ജുനനെ ഇപ്പൊ ഞാന്‍ വരുത്താം .. ഞാന്‍ പെട്ടെന്ന് വരാം
( നിനക്ക് വയര്‍ വേദനിക്കുന്നുണ്ടോ ? എന്നൊക്കെ ചോതിക്കുന്നു ) വൃദ്ധയെ വിളിക്കുന്നു .. നന്നായി നോക്കിക്കോളണം എന്ന് പറയുന്നു.. ബ്രാഹ്മണന് ദ്വാരകയിലേയ്ക്ക് പോകുന്നു
പദം ഒന്‍പത്
രാഗം: മധ്യമാവതി
താളം: ചെന്വട
ബ്രാഹ്മണന് : ധീരാ .. ധീരാ... അര്‍ജ്ജുനാ.. എന്റെ കൂടെ എന്റെ വീട്ടിലേയ്ക്ക് വേഗം വന്നാലും .. ( ഇവിടെ ബ്രാഹ്മണനെ കണ്ട ഉടനെ അര്ജ്ജുനന് തന്റെ വലത് ഭാഗം അദ്ദേഹത്തിനായി ഒഴീഞ്ഞ് കോടുക്കുന്നത് ശ്രദ്ധിച്ചിരിക്കുമല്ലോ. കഥകളിയില്‍ ഏറ്റവും ശ്രേഷ്ടമായ ഭാഗമായി വലത് ഭാഗത്തെ കരുതപ്പെടുന്നു. തന്നെക്കാള്‍ ഉയര്‍ന്ന ഒരു വ്യക്തി രംഗത്ത് വന്നാല്‍ ഉടനെ വേദിയില്‍ ഉള്ള കലാകാരന് തന്റെ വലത് വശം ഒഴിഞ്ഞ് കോടുക്കുന്നു) അര്ജ്ജുനന് പെട്ടെന്ന് ബ്രാഹ്മണനെ മനസിലാകുന്നില്ല
ബ്രാഹ്മണന് അര്‍ജ്ജുനനെ വാനോളം പുകഴ്ത്തുന്നു
മുന്പോരുനാള് ഇവിടെ നിന്നല്ലേ നമ്മള് കണ്ടത്.. സുന്ദരാ ഒര്ക്കുന്നില്ലേ....( അര്ജ്ജുനന് ഒര്‍ക്കുന്നുണ്ട് നിങ്ങളല്ലെ ഇവിടെ നിന്ന് കരഞ്ഞ് ചീത്ത വിളിച്ച് കൊണ്ടിരുന്നത് എന്ന് അര്ജ്ജുനന് കാണിക്കുന്നു )
ധന്യശീലാ.. എന്റെ പത്നി വീണ്ടും ഗര്‍ഭം ധരിച്ചു..അവളുടെ പ്രസവസമയം അടുക്കാറായി. അത്ഭുതവിക്രമാ തെല്ലും അമാന്തം അരുത്.. എനിക്ക് ഇവിടെ നില്‍പ്പുറയ്ക്കുന്നില്ല
കൃഷ്ണനെ വന്ദിക്കുക .. അവിടത്തെ പാദങ്ങളില്‍ വന്ദിക്കുക .. കെല്‍പ്പുള്ള നിന്റെ ചാപം എടുക്കുക .. നമുക്കു വേഗം നടക്കാം ..
ബ്രാഹ്മണേന്ദ്രാ.. ഞാന്‍ അങ്ങയുടെ കൂടെ വരാം .. അങ്ങയുടെ പത്നി പ്രസവിക്കുന്ന പുത്രനെ കാത്തു കൊള്ളാം .. ഈ കാര്‍മുഖം(വില്ല്) കണ്ടില്ലേ.. പുത്ര രക്ഷയ്ക്കു ഇത് മാത്രം മതി.. ഇനി നോക്കട്ടെ കാലന് എങ്ങനെ മന്മദത്തെ ലംഖിക്കുന്നത് എന്ന്.. ബ്രഹ്മണശ്രേക്ഷ്ഠാ ഒരു വിഷമവും വേണ്ട . നമുക്ക് വേഗം പോയാലോ ?
അര്ജ്ജുനന് ശരം കൊണ്ട് ഒരു ശരകൂടം നിര്‍മ്മിക്കുന്നു. അതിന്ശേഷം അത് ബ്രഹ്മണനെ വിളിച്ച് കാണിച്ച് കോടുക്കുന്നു. ബ്രാഹ്മണന് അത്ഭുതത്തോടെ നോക്കിയ ശേഷം ഒരു സ്ഥലത്ത് ദേ ഇവിടെ ശരിയായില്ല എന്ന് പറയുന്നു .. അര്ജ്ജുനന് ഒരു അമ്പ് കൊണ്ട് അത് ശരിയാക്കുന്നു..(കലാമണ്ഠലം ഉണ്ണികൃഷ്ണന്റെ ചെണ്ട വൈഭവം ശ്രദ്ധിക്കുക )
ബ്രാഹ്മണന് ഭാര്യയെ കൊണ്ട് വരുന്നു .. അര്ജ്ജുനന് തിരിഞ്ഞ് നില്ക്കുന്നു. ബ്രാഹ്മണന് ഭാര്യയോട് വീരനായ അര്‍ജ്ജുനനെ കണ്ടില്ലേ ഇനി ഒന്നും വരില്ല എന്ന് പറഞ്ഞ് സമാധാനിപ്പിക്കുന്നു
പദം പത്ത്
രാഗം: പുന്നാഗവരാളി
താളം: അടന്ത
ഈ പദം സൂതികാഗ്യഹത്തിനുള്ളില്(തിരശീലക്കുള്ളില്‍)ഉള്ള ബ്രാഹ്മണപത്നി,സഖിമാരോട് പറയുന്നതാണ്.
കരുണാ വാരിധേ കൃഷ്ണാ... നീ പിന്നേയും ചതിച്ചല്ലോ ശരണരഹിതരായ ജനങ്ങള്‍ക്ക് ഇനി ആരുണ്ട്? പരമ പുരുഷന്റെ സഹോദരി ബാലികയ്ക്ക് ( സുഭദ്ര ) വിധവയാകാനാണോ യോഗം
ജ്വലിച്ച കാന്തിയോടെ ജനിച്ച ബാലന് ഭൂമിയില്‍ പതിക്കുന്നതിനു മുന്‍പെ
അപ്രത്യക്ഷമായിപ്പോയല്ലോ. അതിന്റെ ശവം പോലും ലഭിച്ചില്ലല്ലോ . അര്‍ജ്ജുനന്റെ ശപഥം വെറുതേയായല്ലോ. തലയില്‍ വരച്ച രേഖയെ മറച്ചുവയ്ക്കാന്‍ കഴിയുമോ ? പുരവാതുക്കല്‍ നില്ക്കുന്ന എന്റെ ഭര്‍ത്തവിനോടും അര്‍ജ്ജുനനോടും ഇവിടെ നടന്ന അത്ഭുത ചരിതത്തെക്കുറിച്ച് പറയൂ എന്റെ സഖിമാരെ
കരുണാ വാരിധേ കൃഷ്ണാ...
പദം: പതിനൊന്ന്
രാഗം: ബിലഹരി
താളം:അടന്ത
ഈറ്റില്ലത്തിനകത്ത് നിന്നും ഉള്ള ഘോരമായ വാര്‍ത്തകേട്ട് ബ്രഹ്മണന് ബോധം കെട്ട് വീണു . അതിനു ശേഷം അവന് അര്‍ജ്ജുനനെ നിഷ്ടുരം അധിക്ഷേപിച്ചു
ബ്രാഹ്മണന്: മൂഡാ .. നിന്റെ പ്രൌഡമായ പാടവം കോണ്ട് എനിക്ക് പുത്രനെ കിട്ടി?( ഇല്ല) .. സുന്ദരമായ ഈ ശരകൂടം കൊണ്ട് ഇപ്പൊ എന്ത് ഫലം ? ( അര്ജ്ജുനന് ശരകൂടം ദേഷ്യത്തോടെ പോളിക്കുന്നു )
ഞാന്‍ നിന്നോട് എത്ര പ്രാവശ്യം നിന്നോട് പറഞ്ഞു ഇത് വേണ്ട ഈ ദുര്‍മോഹം വേണ്ട എന്ന്. നിന്റെ അഹങ്കാരം കൊണ്ട് അപ്പോള്‍ ഒന്നും നീ ചെവിക്കൊണ്ടില്ല. മേലെ മേലെ നിന്റെ അഹങ്കാരം വളര്‍ന്നു വന്നു. ഇപ്പൊ നിന്റെ വൈഭവം കൊണ്ട് ഉണ്ടായ ബാലന്റെ ശവം പോലും കിട്ടിയില്ല
മൂഡാ .. നിന്റെ പ്രൌഡമായ പാടവം കോണ്ട് എനിക്ക് പുത്രനെ കിട്ടി?( ഇല്ല ) ..
തലയില്‍ കൈവച്ച് വിവശനായി എന്തിനാ എന്നെ നോക്കുന്നത് .. ഇനി നീ തീയില്‍ ചാടിയാലും എനിക്കു എന്റെ ബാലനെ കിട്ടുമോ ?
(കലാമണ്ഠലം ഉണ്ണികൃഷ്ണന്റെ ചെണ്ട വൈഭവം ശ്രദ്ധിക്കുക )
നിന്റെ സഹായം ഒക്കെ ഉപേക്ഷിച്ച് അര്‍ജ്ജുനാ നീ പൊയി കൃഷ്ണന്റെ കോട്ടാരത്തില്‍ സുഖമായി ആഹാരം കഴിച്ച് താമസിക്ക് ( നിന്നെ കൊണ്ട് അതിനെ കൊള്ളുകയുള്ളൂ)
രാഗം: മുഖാരി
താളം : ചെന്വട
ബ്രാഹ്മണന്റെ ദുര്‍വാക്കുകള്‍ കേട്ട് അര്ജ്ജുനന് മൂന്ന് ലോകങ്ങളിലും ബാലനെ അന്വേഷിച്ച് നടന്നു , യമപുരിയില്‍ പോയി എന്നാല്‍ അങ്ങനെ ഒരു ബാലന്റെ മരണത്തെക്കുറിച്ച് തനിക്ക് ഒരു വിവരവും ഇല്ലെന്ന് യമധര്മന് പറഞ്ഞു . കൃഷ്ണന്റെ പരീക്ഷണം കണ്ട് അഹങ്കാരം അടങ്ങി തീക്കുണ്ടത്തില്‍ ചാടി ജീവന് ഒടുക്കാന്‍ മുതിര്‍ന്നുകൊണ്ട് ഇങ്ങിനെ ചിന്തിക്കുന്നു.
അര്ജ്ജുനന്: വിധിയുടെ വിളയാട്ടം ആണ് ഇത് . ഒരു ബാലന്റെ മരണം കൂടെ കാലന് അറിയാതെ നടക്കുന്നു അത്ഭുതം തന്നെ. ഇത് അര്‍ജ്ജുനന്റെ കാലദോഷം തന്നെ .. ഇനി ഞാന്‍ എന്തു ചെയ്യും ? ശപഥം ചെയ്തതു പോലെ തീയില്‍ ചാടി ധന്യനാകുക തന്നെ .. കൃഷ്ണാ .. പാഹിമാം ( നീ എന്നെ വെടിഞ്ഞല്ലോ )
ആത്മഗതം : ഞാന്‍ ശപഥം ചെയ്തത് നീ കണ്ടില്ലേ കൃഷ്ണാ എന്നിട്ടും നീ എന്നെ സഹായിച്ചില്ലല്ലോ
അര്ജ്ജുനന് ഇങ്ങനെ നിനച്ച് തീകൂട്ടുന്നു
രാഗം : മോഹനം
താളം :
അര്ജ്ജുനന് തീക്കുണ്ടം വിപുലമായി കുഴിച്ച് അഗ്നിയും ജ്വലിപ്പിച്ചു അതി ചാടാന്‍ തുടങ്ങുമ്പോഴേക്കു കൃഷ്ണന് തന്റെ കൈ കൊണ്ട് അര്ജ്ജ്ജുനനെ പിടിച്ച് നിര്‍ത്തുന്നു
കൃഷ്ണന്: അര്‍ജ്ജുനാ സാഹസം അരുത് ... ഞാന്‍ ഇല്ലെ നിനക്ക്.. നിനക്ക് ഇത് വരെ ഒരു വിഷമങ്ങളും ഇല്ല എന്നത് ലോകപ്രസിദ്ധമല്ലേ.
മുന്‍പു ഞാന്‍ നിനക്കു ചെയ്ത സഹായങ്ങള്‍ ഒക്കെ നീ മറന്നോ? ആ എന്നെ പോലും മറക്കാന്‍ ഞാന്‍ എന്ത് നിന്നോട് ചെയ്തു എന്റെ സഖേ..
രാഗം: തോടി
താളം :
നീ പറഞ്ഞതെല്ലാം മതി.. നിന്റെ സഹായവും മതി എന്റെ കൃഷ്ണാ .. നിന്റെ പേരും പറഞ്ഞു ഞാന്‍ അഹങ്കരിച്ച് നടന്നു അത് എന്റെ തെറ്റ് ഞാന്‍ ഇനി അതും മതിയാക്കി ..
പുത്രദുഖം സഹിക്കാത്ത ഒരു ബ്രാഹ്മണന് എത്ര നിന്റെ മുന്പില് വന്നു കരഞ്ഞു കൃഷ്ണാ .. അതിന് ഒരുത്തനും ഒന്നും മിണ്ടിയില്ല എത്ര ലഘൂത്തരമാണ് അത്
അപമാനവും .. ജനങ്ങളുടെ ദുഖവും കണ്ടിരിക്കുന്നതിലും ഭേദം ക്ഷത്രൈയ വംശത്തില്‍ ജനിച്ച പുരുഷന് മരണമാണ് നല്ലത്
ഇത് നിനച്ച് നിന്റെ അനുഗ്രഹത്തോടെ ഞാന്‍ സത്യം ചെയ്യുന്നതും കണ്ടു .. ഇതൊക്കെ കണ്ട് സ്വസ്ഥനായി നിന്ന് രസിച്ച ( എന്നെ സഹായിക്കാത്ത ) നീ ഇപ്പൊ എന്തിനാ എന്റെ കൂടെ മിത്രത ഭാവിക്കുന്നത്
കൃഷ്ണന്: എന്റെ സഖേ പാര്‍ത്ഥാ കോപിക്കല്ലേ .. നീ വെറുതെയാണ് മരിക്കുന്നത്.. നിന്റെ മനസില്‍ നിരൂപിച്ച കാര്യങ്ങള്‍ ഒക്കെ ഞാന്‍ സാധിച്ച് തരാം
നീ വിഷമിക്കെണ്ട ബാലന്മാരൊക്കെ വളരേ പുണ്യം ചെയ്തവരാണ് ..ഒരു വിഷമവും ഇല്ലാത്ത സ്ഥലത്ത് അവര്‍ ഉണ്ട് നമുക്ക് പോയി അവരേ കൊണ്ട് പോരാം
അങ്ങനെ അര്‍ജ്ജുനനും കൃഷ്ണനും കൂടെ രഥത്തില്‍ കയറി വൈകുണ്ഠത്തിലേയ്ക്ക് യാത്ര ആകുന്നു
രാഗം : കല്യാണി
താളം :
കൃഷ്ണന് : പുരുഷകുല തിലകമേ അര്‍ജ്ജുനാ .. എന്താണ് നീ ഒന്നും മിണ്ടാത്തത്? ഇവിടമാകെ പരന്നിരിക്കുന്ന അന്ധകാരം കൊണ്ട് നിനക്കു ഭയം ഉണ്ടായോ ?
രാഗം : ധന്യാസി
താളം :
അര്ജ്ജുനന്: ഈ ദേശവും ദിക്കുകളുമെല്ലാം അന്ധകാരം കൊണ്ട് നിറഞ്ഞിരിക്കുന്നു. എനിക്കു ഭയത്താല്‍ സംസാരിക്കാന്‍ കൂടെ കഴിയുന്നില്ല. സകല ഭാന്ധവ മൂര്‍ത്തേ അങ്ങയുടെ രൂപവും എനിക്ക് കാണാന്‍ കഴിയുന്നില്ല എന്നത് കൊണ്ട് എനിക്ക് ഉണ്ടാകുന്ന ഭയത്തെ വിവരിക്കാന്‍ പറ്റുന്നില്ല
രാഗം : കല്യാണി
താളം :
നിന്റെ ശോകത്തെ തീര്‍ക്കാന്‍ ഞാന്‍ എന്റെ സുദര്‍ശന ചക്രത്തെ വിളിക്കാം അത് നമുക്ക് വഴി തെളിയിക്കും .. നീ പേടിക്കാതെ ഇരിക്കൂ ഇപ്പ്പോള്‍ അത് വരും
ഭഗവാന് സുദര്‍ശ്ശന ചക്രത്തെ വിളിക്കുന്നു
രാഗം : ശങ്കരാഭരണം
താളം :
സുദര്‍ശ്ശനം: ഇരുള് ഒക്കെ അകന്നു.. ഇനി നിങ്ങള്‍ക്ക് നേരേ എഴുന്നള്ളാം എന്ന് പറഞ്ഞ് സുദര്‍ശ്ശനം കൃഷ്ണനേയും അര്‍ജ്ജുനനേയും വഴികാട്ടി കൊണ്ട് പോകുന്നു
രാഗം : ശങ്കരാഭരണം
താളം :
ഭഗവാനും അര്‍ജ്ജുനനും കൂടി വൈകിണ്ഠത്തില് എത്തി, തേരില്‍ നിന്ന് ഇറങ്ങി കുറച്ചു ദൂരം നടന്നു. അനന്തശായിയായ ശ്രീ ജഗത് പുരുഷനെ കണ്ടു
കൃഷ്ണന്, അര്ജ്ജുനന് : ലക്ഷ്മി ജാനേ.. ജയിക്കുക ലക്ഷ്മി ജാനേ.. കരുണാംബുധേ ലേൊകരക്ഷകാ.
മഹാവിഷ്ണു: വത്സാ ശ്രീ കൃഷ്ണാ.. അര്‍ജ്ജുനാ.. എന്റെ അടുത്ത് വരൂ.. പാവന ശീലന്മാരേ കുറെക്കാലമായി ഞാന്‍ കാണാന്‍ ആഗ്രഹിക്കുന്നു
രാഗം : മോഹനം
താളം :ചെന്വട
ശ്രീകൃഷ്ണന്: ആനന്ദ മൂര്‍ത്തേ.. വന്ദേ.. അങ്ങയേ കണ്ടതിനാല്‍ എന്റെ ജന്മം സഫലമായി
രാഗം : ശങ്കരാഭരണം
താളം :
മഹാവിഷ്ണു: നിങ്ങള്‍ ഇങ്ങ് എന്റെ അരികത്ത് വരാനായാണ് ബ്രാഹ്മണ പുത്രന്മാരെ ഞാന്‍ ഇങ്ങോട്ട് കൊണ്ട് പോന്നത്. ഇനി ബ്രഹ്മണന്റെ കുഞ്ഞുങ്ങളെ തിരിച്ച് ബ്രാഹ്മണന് തെന്നെ കൊടുത്ത് ബ്രാഹ്മണ ദുഖം തീര്‍ത്തു കൊടുത്താലും
രാഗം : അഠാണ
താളം :
കൃഷ്ണന്: വന്നാലും ഉണ്ണീകളേ .. സന്തോഷത്തോടെ വരൂ .. നിങ്ങളുടെ അച്ചനും അമ്മയും .. നിങ്ങളെ കാണാഞ്ഞ് വളരേ അധികം വിഷമിക്കുന്നു.
ബ്രാഹ്മണപുത്രന്: ഞങ്ങള്‍ പോരുന്നില്ല .. നിങ്ങള്‍ പോയാലും .. ഇതാണ് ഞങ്ങളുടെ പെറ്റമ്മ ( ലക്ഷ്മി )
മഹാവിഷ്ണു: ഓമല് ഉണ്ണീകളേ.. നിങ്ങള്‍ മടിക്കാതെ കൃഷ്ണനോടൊപ്പം പോകുക .. ഇതാണ് മൂത്തവന് .. ഇത് രണ്ടാമന് .. അങ്ങനെ മഹാവിഷ്ണു ഒരോ കുട്ടികളേയും കൃഷ്ണനും അര്‍ജ്ജുനനും കൈ മാറുന്നു.
( ശംഖുനാദം )
അര്‍ജ്ജുനനും കൃഷ്ണനും കുട്ടികളും കൂടെ കൂടെ ബ്രാഹ്മണന്റെ വസതിയിലേയ്ക്ക് യാത്ര ആകുന്നു
രാഗം:പുറന്നീര
താളം:ചെന്വട
അര്ജ്ജുനന്: നമസ്തേ ബ്രാഹ്മണാ .. എന്റെ അപരാധം അങ്ങ് പോറുക്കുക .ഈശ്വര ക്യപ കൊണ്ട് അങ്ങയുടെ പുത്രന്മാരെ തിരിച്ച് കിട്ടി . പുത്ര ശോകപൂരിതമായ അങ്ങയുടെ വാക്കു കേട്ട് സഹിക്കാനാകാതെ ശസ്ത്രം കൊണ്ട് ബുദ്ധിരഹിതനായി ഞാന്‍. മൂന്ന് ലോകത്തിലും യമലോകത്തും പോയി അന്വേഷിച്ചു പക്ഷേ കണ്ടെത്തിയില്ല .. അത് കാരണം അഗ്നിയില്‍ ചാടി ദഹിക്കാനായ് തുടങ്ങുമ്പോള്‍ കള്ളകൃഷ്ണന് വന്ന് എന്നെ തടഞ്ഞ് വിഷ്ണുലോകത്ത് കൊണ്ടുപോയി
പരമപുരുഷന്റെ അടുത്ത് ഫണീന്ദ്രതല്പ്പഏ ഇരുന്നിരുന്ന ബാലന്മാരെ വാങ്ങി ഞങ്ങള്‍ വന്നിരിക്കുന്നു.. മതിവരുവോളം കണ്ടോളൂ .. അങ്ങയുടെ ഭാര്യയോടൊപ്പം
ഇതാണ് മൂത്തവന് .. ഇത് രണ്ടാമന്.. അങ്ങനെ അര്ജ്ജുനന് ഒരോ കുട്ടികളേയും ബ്രാഹ്മണന് കൊടുക്കുന്നു .. ഭാഗ്യവാരിധേ അങ്ങയുടെ 10 പുത്രന് മാരേയും ഇതാ ഞാന്‍ രക്ഷിച്ച് തന്നിരിക്കുന്നു
( ഇതിനിടയില്‍ അവസാനത്തെ കൈക്കുഞ്ഞിനെ കൃഷ്ണന് തമാശയ്ക്കു കൊടുക്കുന്നില്ല ബ്രാഹ്മണന് എണ്ണി നോക്കുന്നു 10 ഇല്ല എന്ന് പറയുന്നു അര്ജ്ജുനന് ആ പിഞ്ചു കുഞ്ഞിനേയും ബ്രാഹ്മണന് കൈ മാറുന്നു )
ഭാഗ്യവാരിധേ.. അങ്ങയുടെ പത്ത് പുത്രന്മാരേയും വ്യഗ്രത തീര്‍ത്ത് പുണര്‍ന്നാലും .. ഞാന്‍ ഇതാ തരുന്നു
രാഗം: ഭൂപാളം
താളം:ചെന്വട
ജയിക്കുക ജയിക്കുക .. കൃഷ്ണാ... ജയിക്കുക അര്‍ജ്ജുന വീരാ
അധികമായ ദുഖം സഹിക്കാനാകാതെ നിന്നെ അധിക്ഷേപിച്ചതില്‍ ഒന്നും തോന്നല്ലേ.. കൃഷ്ണാ.. അര്‍ജ്ജുനാ...
ഒന്നും മനസില്‍ നിനയ്ക്കല്ലേ..
നിന്നെ നിനയ്ക്കുന്നവര്ക്ക് എന്നും മംഗളം ഭവിക്കട്ടെ..
ബ്രാഹ്മണന് ഇങ്ങനെ കൃഷ്ണനേയും അര്‍ജ്ജുനനേയും അനുഗ്രഹിച്ച് യാത്രയാക്കുന്നു
മംഗളം :
രാഗം: മധ്യമാവതി
കൃഷ്ണായ വാസുദേവായ ദേവകിനന്ദനായകാം നന്ദഗോപകുമാരായ ഗോവിന്ദായ നമൊ നമ:
അരങ്ങില്‍
വേഷം
അര്ജ്ജുനന് : പദ്മവിഭൂഷന് ശ്രീ കലാമണ്ഠലം രാമന് കുട്ടി നായര്‍
ബ്രാഹ്മണന് : ശ്രീ കലാമണ്ഠലം പദ്മനാഭന് നായര്‍
കൃഷ്ണന് : ശ്രീ കലാമണ്ഠലം ഗോപി
ബ്രാഹ്മണപത്നി : ശ്രീ കോട്ടക്കല്‍ ശിവരാമന്
മഹാവിഷ്ണു : ശ്രീ കലാമണ്ഠലം ബാലസുബ്രഹ്മണ്യന്
സുദര്‍ശ്ശനം : പരിയണമ്പറ്റ ദിവാകരന്
സംഗീതം
പൊന്നാനി : ശ്രീ കലാമണ്ഠലം ശങ്കരന് എമ്പ്രാന്തിരി
ശിങ്കിടി : ശ്രീ കലാമണ്ഠലം ബാബു നമ്പൂതിരി
: ശ്രീ കലാമണ്ഠലം വിനോദ്
താളം
മദ്ദളം : ശ്രീ കലാമണ്ഠലം അപ്പുക്കുട്ടി പൊതുവാള്
: ശ്രീ കലാമണ്ഠലം ഹരിനാരായണന്
ചെണ്ട : ശ്രീ കലാമണ്ഠലം കേശവന്
: ശ്രീ കലാമണ്ഠലം ഉണ്ണികൃഷ്ണന്
7 comments:
ഇതു നന്നായിരിക്കുന്നു. പദങ്ങളും വിവരങ്ങളും വിവരണങ്ങളും എല്ലാം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഈ സംരംഭം പ്രശംസനീയം തന്നെ. ആശംസകള്‍.:)
vallarey nalla samrambam.ithinu pinnile prayathnathey ethra abinadichallum mathi varilla.ELLA BHAVUKANGALUM!
ഗംഭീരം.പ്രയത്നത്തിനു അഭിനന്ദനം.ഞാനും എന്റെ കഥകളിവിചാരങ്ങളുമായി ഒരു ബ്ലോഗ് തുടങ്ങി.സ്വാഗതം.
An extremely good job!
And a very rare performance to watch...
I must also appreciate the cameraman and the editor..
A small correction, by the way:
please check the spelling of "Kalamandalam" (I mean the Malayalam spelling). It's wrong.
A DIFFERENT APPROACH. A GOOD ATTEMPT TO HELP THE LEARNERS..
A DIFFERENT APPROACH. A GOOD ATTEMPT TO HELP THE LEARNERS..
Post a Comment